
ലെസ്റ്ററിൽ വിവേചനം? ദീപാവലി ആഘോഷങ്ങൾക്ക് കൗൺസിൽ വിലക്ക്
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലെസ്റ്റർ സിറ്റി കൗൺസിൽ ഈ വർഷത്തെ ദീപാവലി ആഘോഷ പരിപാടികൾ റദ്ദാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. വെടിക്കെട്ട്, സാംസ്കാരിക പരിപാടികൾ, ദീപാവലി മേള എന്നിവയാണ് റദ്ദാക്കിയത്. നഗരത്തിലെ സേഫ്റ്റി അഡ്വൈസറി ഗ്രൂപ്പിന്റെ ശുപാർശയെ തുടർന്നാണ് തീരുമാനമെന്ന് കൗൺസിൽ അറിയിച്ചു.
ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം
എന്നാൽ, കൗൺസിലിന്റെ ഈ തീരുമാനത്തിനെതിരെ ഹിന്ദു സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങളുടെ സാംസ്കാരിക സ്വത്വത്തെ പാർശ്വവൽക്കരിക്കാനുള്ള ശ്രമമാണിതെന്നും ഈ തീരുമാനം പക്ഷപാതപരവും വിവേചനപരവുമാണെന്നും അവർ ആരോപിച്ചു. കഴിഞ്ഞ വർഷം ഏകദേശം 50,000 ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഈ വർഷം തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നും ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നുമാണ് ഉപദേശക സമിതിയുടെ വാദം.
ചടങ്ങുകളിൽ വരുത്തിയ മാറ്റങ്ങൾ
പ്രധാന ആഘോഷങ്ങൾ റദ്ദാക്കിയെങ്കിലും, ദീപാവലിയുടെ ഭാഗമായുള്ള “ഗോൾഡൻ മൈൽ” എന്ന് അറിയപ്പെടുന്ന സ്ഥലം ഉത്സവ വിളക്കുകളാൽ അലങ്കരിക്കും. ഒക്ടോബർ 20 തിങ്കളാഴ്ച ബെൽഗ്രേവ് റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ ദീപാവലി ആഘോഷം
ഇന്ത്യക്ക് പുറത്ത് ഏറ്റവും വലിയ ദീപാവലി ആഘോഷം നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ലെസ്റ്റർ. ഇത് നഗരത്തിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണം കൂടിയാണ്.



