ഡിജിറ്റൽ നിയമങ്ങൾ ലംഘിച്ചു: മെറ്റയ്ക്കും ടിക് ടോക്കിനുമെതിരെ ഗുരുതര ആരോപണവുമായി യൂറോപ്യൻ യൂണിയൻ
1 min read

ഡിജിറ്റൽ നിയമങ്ങൾ ലംഘിച്ചു: മെറ്റയ്ക്കും ടിക് ടോക്കിനുമെതിരെ ഗുരുതര ആരോപണവുമായി യൂറോപ്യൻ യൂണിയൻ

ബ്രസ്സൽസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ മെറ്റയും (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) ടിക് ടോക്കും യൂറോപ്യൻ യൂണിയന്റെ പുതിയ ഡിജിറ്റൽ ഉള്ളടക്ക നിയമങ്ങൾ ലംഘിച്ചതായി യൂറോപ്യൻ കമ്മീഷൻ. യൂണിയന്റെ സുപ്രധാനമായ ‘ഡിജിറ്റൽ സർവീസസ് ആക്ട്’ (DSA) മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റ ലംഘിച്ചതായി കമ്മീഷൻ ആരോപിക്കുന്നത് ഇതാദ്യമായാണ്.
നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയുക, ഡിജിറ്റൽ വിപണിയിൽ സ്വതന്ത്രമായ മത്സരം ഉറപ്പാക്കുക, ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യൂറോപ്യൻ യൂണിയൻ നടപ്പിലാക്കിയ ശക്തമായ നിയമസംഹിതയാണ് ഡിജിറ്റൽ സർവീസസ് ആക്ട് (DSA).
കമ്മീഷന്റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം, ഈ കമ്പനികൾ പ്ലാറ്റ്‌ഫോമുകളിലെ പൊതു ഡാറ്റയിലേക്ക് ഗവേഷകർക്ക് മതിയായ പ്രവേശനം നൽകുന്നതിൽ പരാജയപ്പെട്ടു. കുട്ടികൾ അപകടകരമായ ഉള്ളടക്കങ്ങളിലേക്ക് എത്രത്തോളം എളുപ്പത്തിൽ എത്തപ്പെടുന്നു തുടങ്ങിയ നിർണ്ണായക കാര്യങ്ങൾ പഠിക്കാൻ ഗവേഷകർക്ക് ഈ ഡാറ്റാ പ്രവേശനം അത്യാവശ്യമാണെന്ന് യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടി.
മെറ്റയ്‌ക്കെതിരെ കൂടുതൽ ഗൗരവതരമായ ആരോപണങ്ങളും നിലനിൽക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾക്ക് എളുപ്പമുള്ള, വ്യക്തമായ സംവിധാനങ്ങൾ നൽകുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. കൂടാതെ, ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ‘ഡാർക്ക് പാറ്റേണുകൾ’ (Dark Patterns) മെറ്റ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
അതേസമയം, യൂറോപ്യൻ കമ്മീഷന്റെ കണ്ടെത്തലുകൾ പരിശോധിച്ചുവരികയാണെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് പ്രതികരിച്ചു. ഗവേഷകർക്ക് ഡാറ്റ നൽകുന്നത് സംബന്ധിച്ച ഡി‌എസ്‌എ നിയമവും, ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന ജി‌ഡി‌പി‌ആർ (GDPR) നിയമവും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും, ഈ രണ്ട് ബാധ്യതകളും ഒരുമിച്ച് എങ്ങനെ നിറവേറ്റുമെന്നതിൽ യൂറോപ്യൻ യൂണിയൻ വ്യക്തത വരുത്തണമെന്നും ടിക് ടോക്ക് ആവശ്യപ്പെട്ടു.
എന്നാൽ മെറ്റ ആരോപണങ്ങൾ നിഷേധിച്ചു. ഡിജിറ്റൽ സർവീസസ് ആക്ട് നിലവിൽ വന്നതിന് ശേഷം ഉള്ളടക്കം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളിലും, ഡാറ്റാ ആക്സസ് ടൂളുകളിലും നിയമം അനുശാസിക്കുന്ന മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും, തങ്ങൾ നിയമം ലംഘിച്ചിട്ടില്ലെന്നും മെറ്റ പ്രസ്താവനയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *