
ഇറാനിൽ ഭരണകൂട മാറ്റത്തിനുള്ള തുറന്ന ആഹ്വാനവുമായി ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റിസ പഹ്‍ലവി രംഗത്തെത്തി
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ഇറാനിൽ ഭരണകൂട മാറ്റത്തിനുള്ള തുറന്ന ആഹ്വാനവുമായി ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റിസ പഹ്‍ലവി രംഗത്തെത്തി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന രാജവംശത്തിന്റെ അവകാശിയായി, ഇറാൻ ജനതയെ അഭിസംബോധന ചെയ്ത് പഹ്‍ലവി നടത്തിയ സന്ദേശമാണ് ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.
അയത്തുള്ള അലി ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കാൻ ‘വിധിയുടെ നിമിഷങ്ങൾ അടുത്തുവന്നിരിക്കുന്നു’ എന്നാണ് പഹ്‍ലവിയുടെ വാദം. 1979 വരെ ഷാ മുഹമ്മദ് റിസ പഹ്‍ലവിയുടെ നേതൃത്വത്തിലായിരുന്നു ഇറാനിലെ രാജഭരണം. എന്നാൽ ഇസ്ലാമിക വിപ്ലവത്തിലൂടെ രാജവംശം അട്ടിമറിക്കപ്പെടുകയും, റുഹൊള്ള ഖൊമേനിയുടെ നേതൃത്വത്തിൽ ഇസ്ലാമിക ഭരണകൂടം നിലവിൽ വരികയും ചെയ്തു. ഇതോടെ രാജകുടുംബം വിവിധ രാജ്യങ്ങളിലേക്ക് പ്രവാസത്തിലേക്ക് നീങ്ങുകയായിരുന്നു.
നിലവിൽ അമേരിക്കയിൽ കഴിയുന്ന റിസ പഹ്‍ലവി, ഇസ്ലാമിക ഭരണകൂടം നിലംപതിക്കുമെന്നും ഇറാനിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു. ഭരണകൂട മാറ്റത്തിനായി ഇറാൻ ജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ട വീഡിയോ സന്ദേശവും ഇറാനിലെ ഭരണകൂടത്തെ നേരിട്ട് ലക്ഷ്യമിടുന്നതാണ്. ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കുക എന്നതാണ് നിലവിലെ സൈനിക നീക്കങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനിലെ ജനങ്ങൾക്ക് ഇത് ഒരു ‘സുവർണ്ണാവസര’മാണെന്നും, ഭരണകൂട മാറ്റത്തിനുള്ള ശ്രമങ്ങൾക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
അതേസമയം, ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം തുടരുന്നതിനൊപ്പം, ഭരണകൂട മാറ്റം അനിവാര്യമാണെന്ന് ബെഞ്ചമിൻ നെതന്യാഹുയും ആവർത്തിച്ചു. ഭരണകൂടം മാറിയാൽ ഇറാൻ ജനതയ്ക്ക് ലഭിക്കാൻ പോകുന്ന സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളുമാണ് നെതന്യാഹു തന്റെ പ്രസ്താവനയിൽ എടുത്തുപറഞ്ഞത്.
പുറത്തുനിന്നുള്ള സൈനിക സഹായം ലഭിച്ചാലും, അന്തിമ വിജയം ഇറാൻ ജനങ്ങളുടേതായിരിക്കുമെന്ന് റിസ പഹ്‍ലവി വ്യക്തമാക്കി. മാറ്റത്തിനായി ജനങ്ങൾ തയ്യാറായിരിക്കണമെന്നും, നിർണായക ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.



