
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും ശുദ്ധീകരണശാലകൾക്കും നേരെ വൻ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ.
ടെഹരൻ :: മിഡിൽ ഈസ്റ്റിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങൾക്കും ശുദ്ധീകരണശാലകൾക്കും നേരെ വൻ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തീപിടുത്തം ഉണ്ടായി.
തെക്കൻ ടെഹ്റാനിലുള്ള ഷഹർ-അൽ-റേ എണ്ണ ശുദ്ധീകരണശാലയിലാണ് ഏറ്റവും വലിയ തീപിടുത്തം ഉണ്ടായത്. ശക്തമായ ബോംബാക്രമണത്തെ തുടർന്ന് എണ്ണ ടാങ്കുകൾ പൊട്ടിത്തെറിക്കുകയും ആകാശത്തേക്ക് വലിയ അഗ്നിഗോളങ്ങളും കനത്ത പുകപടലങ്ങളും ഉയരുകയും ചെയ്തു. നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമാണ് ഈ തീപ്പിടിത്തം വ്യക്തമായി കാണാനാകുന്നതെന്ന് പ്രദേശവാസികൾ അറിയിച്ചു. അഗ്നിശമനസേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനുപുറമെ, വടക്കൻ ടെഹ്റാനിലെ അഗ്ദാസിയ മേഖലയിലുള്ള എണ്ണ സംഭരണ ശലയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സൂചനകൾ. ഇവിടെ ഉണ്ടായ സ്ഫോടനങ്ങൾ പ്രദേശത്ത് വലിയ നാശനഷ്ടങ്ങൾ സൃഷ്ടിച്ചതായി പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. സമീപ പ്രദേശങ്ങളിലെ ചില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ തുടർന്ന് ടെഹ്റാനിലെ പല ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും ചില റോഡുകൾ അടച്ചിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ആളപായമുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇസ്രായേൽ ആക്രമണത്തെ കുറിച്ച് പ്രതികരിച്ച ഇറാൻ, ഇത് രാജ്യത്തിന്റെ സാമ്പത്തിക അടിസ്ഥാനത്തിനെതിരായ ഗുരുതര ആക്രമണമാണെന്നും ശക്തമായ മറുപടി നൽകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രായേൽ സർക്കാരിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
മിഡിൽ ഈസ്റ്റിൽ ഇതിനകം തന്നെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഈ ആക്രമണം പ്രദേശത്തെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ വഷളാക്കുമെന്ന ആശങ്കയാണ് അന്താരാഷ്ട്ര സമൂഹം ഉയർത്തുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികൾ അടുത്ത് നിരീക്ഷിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.



