
അഭയാർത്ഥികൾക്ക് ഹോട്ടലൊരുക്കി യുകെ കോടികൾ പാഴാക്കി; ഹോം ഓഫീസിനെതിരെ രൂക്ഷ വിമർശനവുമായി എംപിമാർ
ലണ്ടൻ: അഭയാർത്ഥികളെ പാർപ്പിക്കുന്നതിനായി ഹോട്ടലുകൾ ഉപയോഗിച്ച വകയിൽ യുകെ ഹോം ഓഫീസിന് (ആഭ്യന്തര മന്ത്രാലയം) കോടിക്കണക്കിന് പൗണ്ടിന്റെ ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചതായി എംപിമാരുടെ സമിതി റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെയുണ്ടായ ഈ വൻ ധൂർത്തിനെതിരെ വിവിധ പാർട്ടിയിൽപ്പെട്ട എംപിമാരുടെ സമിതി (ഹോം അഫയേഴ്സ് സെലക്ട് കമ്മിറ്റി) അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
സ്വകാര്യ കമ്പനികളുമായി ഒപ്പിട്ട കരാറുകൾ തുടക്കം മുതലേ “അപാകതകൾ നിറഞ്ഞതായിരുന്നു” എന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഈ അപാകത നിറഞ്ഞ കരാറുകൾ നടപ്പിലാക്കിയതാവട്ടെ, തികച്ചും “കാര്യക്ഷമതയില്ലാത്ത” രീതിയിലുമായിരുന്നു. “അലക്ഷ്യവും കുഴപ്പം പിടിച്ചതുമായ” ഈ നടത്തിപ്പ് കാരണം കരാറുകാരിൽ നിന്ന് സർക്കാരിലേക്ക് തിരികെ ഈടാക്കേണ്ടിയിരുന്ന ദശലക്ഷക്കണക്കിന് പൗണ്ടിന്റെ “അധിക ലാഭം” പോലും ഹോം ഓഫീസിന് നഷ്ടമായി.
ഹോം ഓഫീസിന്റെ ഈ കെടുകാര്യസ്ഥത കാരണം 10 വർഷത്തെ അഭയാർത്ഥി താമസ കരാറുകളുടെ ആകെ ചെലവ് 4.5 ബില്യൺ പൗണ്ടിൽ നിന്ന് 15.3 ബില്യൺ പൗണ്ടായി (ഏകദേശം മൂന്നിരട്ടി) കുതിച്ചുയർന്നു. “ഉന്നത തലത്തിലെ നേതൃത്വ പരാജയം” കാരണം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഹോം ഓഫീസിന് കഴിഞ്ഞില്ലെന്നും എംപിമാർ കുറ്റപ്പെടുത്തി.
മുൻ കൺസർവേറ്റീവ് സർക്കാരിന്റെ കാലത്താണ് ഈ വിവാദ കരാറുകളിൽ ഒപ്പിട്ടതെങ്കിലും, നിലവിലെ ലേബർ സർക്കാരിനും ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അഭയാർത്ഥികളെ ഹോട്ടലുകളിൽ നിന്ന് പൂർണ്ണമായും മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലേബർ പാർട്ടി വ്യക്തമാക്കുന്നു. എങ്കിലും, ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തുന്ന അഭയാർത്ഥികളുടെ എണ്ണം വർധിക്കുന്നത് ഉയർത്തിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ശക്തമായ ആക്രമണം തുടരുകയാണ്.



