
രാജസ്ഥാൻ ഐ.ടി. ഡയറക്ടറുടെ ഭാര്യക്ക് ജോലി ചെയ്യാതെ ശമ്പളം 37 ലക്ഷം; വൻ അഴിമതി ആരോപണം
സർക്കാർ ടെൻഡർ ലഭിച്ച സ്വകാര്യ കമ്പനികളിൽ നിന്ന് വ്യാജ ശമ്പളം; ഐ.ടി. ജോയിന്റ് ഡയറക്ടറുടെ ഭാര്യക്കെതിരെ കേസ്
ജയ്പൂർ| രാജസ്ഥാനിൽ ഐ.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ, ജോലിയിൽ പ്രവേശിക്കാതെ തന്നെ രണ്ട് സ്വകാര്യ കമ്പനികളിൽ നിന്ന് ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റിയതായി കണ്ടെത്തൽ. രാജ്കോമ്പ് ഇൻഫോ സർവീസസിലെ ഐ.ടി. വിഭാഗം ജോയിന്റ് ഡയറക്ടർ പ്രദ്യുമാൻ ദീക്ഷിതിന്റെ ഭാര്യ പൂനം ദീക്ഷിത് ആണ് അഴിമതി ആരോപണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇവരുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി, 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിൽ, 37,54,405 രൂപയാണ് ശമ്പളമായി എത്തിയത്. ഈ രണ്ടു കമ്പനികളിലും പൂനം ദീക്ഷിത് യാതൊരു ജോലിയും ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അഴിമതിയുടെ രൂപം
ഭർത്താവായ പ്രദ്യുമാൻ ദീക്ഷിത് ഐ.ടി. ജോയിന്റ് ഡയറക്ടറായിരിക്കെ, അദ്ദേഹത്തിന്റെ വകുപ്പ് ഓറിയോൺ പ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്വെയർ ലിമിറ്റഡ് എന്നീ സ്വകാര്യ കമ്പനികൾക്ക് സർക്കാർ ടെൻഡറുകൾ നൽകിയിരുന്നു. ഈ ടെൻഡറുകൾ ലഭിച്ചതിന് പകരമായി, ഉദ്യോഗസ്ഥൻ വഴിവിട്ട സഹായം നൽകിയതിന്റെ പ്രതിഫലമായി അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ശമ്പളമെന്ന പേരിൽ പണം കൈമാറിയെന്നാണ് പ്രധാന ആരോപണം.
ഈ തട്ടിപ്പ് പുറത്തുവന്നതോടെ പ്രദ്യുമാൻ ദീക്ഷിതിനെയും ഭാര്യ പൂനം ദീക്ഷിതിനെയും പ്രതിചേർത്ത് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



