ജയിൽമോചിതനായ ആന്ധ്രാ സ്വദേശിക്ക് കൈത്താങ്ങായി മലയാളി നഴ്സ്; സ്നേഹത്തണലിൽ നാടണഞ്ഞു
1 min read

ജയിൽമോചിതനായ ആന്ധ്രാ സ്വദേശിക്ക് കൈത്താങ്ങായി മലയാളി നഴ്സ്; സ്നേഹത്തണലിൽ നാടണഞ്ഞു

പക്ഷാഘാതം ബാധിച്ച് അബോധാവസ്ഥയിലായ പ്രവാസിക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി കൊല്ലം സ്വദേശിനിയായ നഴ്സ്; ഇന്ത്യൻ എംബസിയുടെയും കേളിയുടെയും സഹായം.
​റിയാദ്| ഇഖാമ കാലാവധി കഴിഞ്ഞതിനെ തുടർന്ന് സൗദി അറേബ്യയിൽ അറസ്റ്റിലാവുകയും ജയിലിൽ വെച്ച് പക്ഷാഘാതം ബാധിച്ച് ദുരിതത്തിലാവുകയും ചെയ്ത ആന്ധ്രാപ്രദേശ് സ്വദേശിക്ക് നാടണയാൻ മലയാളി നഴ്‌സ് തുണയായി. ആന്ധ്രാപ്രദേശ്, നാണ്ടിയാൽ സ്വദേശിയായ ജാക്കീർ ഭാഷയ്ക്ക് (43) ആണ് കൊല്ലം കൊളത്തൂപ്പുഴ സ്വദേശിനിയും റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമായ മോനിഷ സദാശിവം സഹായവുമായി മുന്നോട്ടുവന്നത്.
​ശക്തമായ പരിശോധനകൾക്കിടെ കഴിഞ്ഞ വർഷം അറസ്റ്റിലായ ജാക്കീർ ഭാഷയ്ക്ക് ജയിലിൽ വെച്ച് പക്ഷാഘാതം ബാധിക്കുകയും തുടർന്ന് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞതിൽ ആറു മാസത്തോളം ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
​സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജാക്കീർ ഭാഷയുടെ കുടുംബം ഇന്ത്യൻ എംബസിയുടെ സഹായം തേടി. എംബസിയുടെ അഭ്യർഥന പ്രകാരം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, നഴ്സിന്റെ സഹായത്തോടെ സ്ട്രെക്ചർ സൗകര്യമുള്ള വിമാനത്തിൽ മാത്രമേ യാത്ര സാധ്യമാകൂ എന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കി.
​ഈ നിർണായക ഘട്ടത്തിൽ, കേളിയുടെ അഭ്യർഥന മാനിച്ച് മോനിഷ സദാശിവം ആശുപത്രിയിൽ നിന്ന് അവധിയെടുത്ത് രോഗിയെ അനുഗമിക്കാൻ തയ്യാറാവുകയായിരുന്നു. ഇന്ത്യൻ എംബസിയാണ് യാത്രയുടെ ടിക്കറ്റും മറ്റ് ചെലവുകളും വഹിച്ചത്. കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ ഹൈദരാബാദിൽ എത്തിയ ജാക്കീർ ഭാഷയെ കുടുംബം ഏറ്റുവാങ്ങി. മോനിഷ സദാശിവം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വീടുവരെ അനുഗമിച്ച് തന്റെ കർത്തവ്യബോധം പൂർത്തിയാക്കി. “താൻ തിരഞ്ഞെടുത്ത തൊഴിൽമേഖലയെ അന്വർത്ഥമാക്കി മറ്റൊരു സഹജീവിക്ക് കൈത്താങ്ങാവാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്” എന്ന് മോനിഷ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *