
ഇന്ന് ലോക വീഗൻ ദിനം: ആരോഗ്യത്തിനും ഭൂമിക്കുമായുള്ള സസ്യാഹാരത്തിന്റെ ആഘോഷം; വീഗൻ പാചകക്കുറിപ്പുകൾ ചർച്ചയാകുന്നു
ന്യൂഡൽഹി: ലോകം ഇന്ന് (നവംബർ 1) ലോക വീഗൻ ദിനം ആചരിക്കുന്നു. മൃഗ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ആരോഗ്യപരമായ ഗുണങ്ങൾക്കപ്പുറം, മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം എന്നിവയും വീഗനിസം മുന്നോട്ടുവെക്കുന്നു.
1994-ൽ യുകെയിലെ ‘ദി വീഗൻ സൊസൈറ്റി’യുടെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് നവംബർ 1 ലോക വീഗൻ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ഈ ദിനം ‘ലോക വീഗൻ മാസ’ത്തിന്റെ (World Vegan Month) തുടക്കം കൂടിയാണ്.
“വീഗനിസവും അതിന്റെ ഗ്രഹത്തിലും മൃഗങ്ങളിലും മനുഷ്യരിലുമുള്ള ഗുണപരമായ സ്വാധീനവും” എന്നതിലൂന്നിയാണ് ഈ വർഷത്തെ പ്രധാന പ്രചാരണങ്ങൾ നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ ലഘൂകരിക്കാൻ സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിന് സാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോകമെമ്പാടും വീഗൻ ഭക്ഷണമേളകൾ, പാചക ശില്പശാലകൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ എന്നിവ ഈ ദിനത്തിന്റെ ഭാഗമായി നടക്കുന്നു. ഇന്ത്യയിലും വീഗൻ ജീവിതശൈലി സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. റിതേഷ് ദേശ്‌മുഖ്, ജെനീലിയ ഡിസൂസ, ജാക്വലിൻ ഫെർണാണ്ടസ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ വീഗൻ ഭക്ഷണരീതി പിന്തുടരുന്നവരാണ്.
വീഗൻ ദിനത്തോടനുബന്ധിച്ച്, പാലിന് പകരമായി ഉപയോഗിക്കാവുന്ന ഉരുളക്കിഴങ്ങ് മിൽക്ക്, പിസ്ത മിൽക്ക്, മക്കാഡാമിയ നട്ട് മിൽക്ക് തുടങ്ങിയ വ്യത്യസ്ത തരം സസ്യാധിഷ്ഠിത പാൽ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.



