ഭിന്നശേഷിക്കാരനായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
1 min read

ഭിന്നശേഷിക്കാരനായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ ക്ഷണപ്രകാരം ഹോട്ടലിലെത്തിയ യുവാവ്, ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്നാണ് ആക്രമിക്കപ്പെട്ടത്. ഈ മാസം 22-നാണ് സംഭവം നടന്നത്.
കൊല്ലം ജില്ലയിലെ നല്ലില സ്വദേശിയായ യുവാവിനെയും ഒന്നാം പ്രതിയായ സഫ്നയെയും തമ്മിൽ കുറച്ചുകാലമായി സോഷ്യൽ മീഡിയ വഴി പരിചയമുണ്ടായിരുന്നു. സംഭവദിവസം ഒരുമിച്ച് പുറത്തുപോകാമെന്ന് തീരുമാനിച്ചെങ്കിലും, യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിന് സമീപമുള്ള ഒരു ലോഡ്ജിലേക്ക് യുവാവിനെ ക്ഷണിച്ചു. വൈകിട്ട് ആറരയോടെ യുവാവ് അവിടെത്തിയപ്പോൾ, ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടുപേരും പുറത്തുനിന്നെത്തിയ മറ്റുരണ്ടുപേരും ചേർന്ന് മാരകായുധങ്ങളുമായി ആക്രമണം ആരംഭിച്ചു.
യുവാവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്നയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും, അതിന്റെ ദൃശ്യങ്ങൾ പകർത്താനുമായിരുന്നു പ്രതികളുടെ ശ്രമം. ഇതിന് വിസമ്മതിച്ചതോടെ യുവാവിനെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. ആക്രമണത്തിൽ നട്ടെല്ലിന് പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. 24-ന് വൈകിട്ട് കടവന്ത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന്, ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെ മൊഴിയെടുത്ത് പ്രതികൾക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകളും ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 92(എ)യും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *