
മന്ത്രി വീണ ജോർജിന്റെ തുടർചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി ഇന്ന് രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേരും.
തിരുവനന്തപുരം :കണ്ണൂരിൽ നടന്ന കെഎസ്യു പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മന്ത്രിയുടെ കഴുത്തിലേറ്റ പരുക്കിനെ തുടർന്ന് വേദന കൈയിലേക്ക് വരെ വ്യാപിച്ചതായും രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ന്യൂറോ സർജൻ ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം രാത്രി തന്നെ മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. തുടർചികിത്സ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനായി ഇന്ന് രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേരും. കഴുത്തിലെ പരുക്കുകൾ വിശദമായി വിലയിരുത്തുന്നതിനായി എംആർഐ സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനും ആവശ്യമായ ചികിത്സ നൽകാനും മെഡിക്കൽ ബോർഡ് നിർദേശിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടയിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. തുടർന്ന് ആദ്യം മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ഏകദേശം അഞ്ചര മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം കൂടുതൽ വിദഗ്ധ പരിശോധനകൾക്കായി രാത്രി 10 മണിയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് കെഎസ്യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അക്ഷയ്, ബിതുൽ ബാലൻ, മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് റിമാൻഡിലായത്.



