
വൈദ്യുതി മുടക്കം സാമ്പത്തിക പ്രതിസന്ധിയും കാരണം ക്യൂബയിൽ പ്രതിഷേധം മൊറോൻ നഗരത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് ആക്രമിച്ചു
ക്യൂബയിൽ വൈദ്യുതി ക്ഷാമവും ഭക്ഷണ-ഇന്ധന പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായി. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള മൊറോൻ നഗരത്തിൽ പ്രതിഷേധക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് ആക്രമിക്കുകയും ഭാഗികമായി തീ വെക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ട വൈദ്യുതി മുടക്കവും സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളിൽ വലിയ അസന്തോഷം സൃഷ്ടിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
ആദ്യം സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറി. പ്രതിഷേധക്കാർ പാർട്ടി ഓഫീസിൽ കയറി അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചില ഫർണിച്ചറുകൾ പുറത്തേക്ക് കൊണ്ടുവന്ന് തീ കൊളുത്തുകയും ചെയ്തു. സമീപത്തെ ചില കടകളും ഒരു ഫാർമസിയും ഈ സംഘർഷത്തിൽ കേടുപാടുകൾക്ക് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ക്യൂബയിൽ കഴിഞ്ഞ ചില മാസങ്ങളായി ഇന്ധന ക്ഷാമം മൂലം വൈദ്യുതി വിതരണം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ ദിവസേന 15 മണിക്കൂർ വരെ വൈദ്യുതി മുടക്കം നേരിടുന്ന സാഹചര്യമാണുള്ളത്. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അടിസ്ഥാന സാധനങ്ങളുടെ ക്ഷാമവും ജനങ്ങളുടെ അസന്തോഷം വർധിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച പ്രസിഡന്റ് മിഗുൽ ഡെസ് ‑ക്യാനൽ രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് അമേരിക്കൻ ഉപരോധവും എണ്ണവിതരണം തടസ്സപ്പെട്ടതുമാണ് പ്രധാന കാരണമെന്ന് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി അമേരിക്കയുമായി സംഭാഷണം നടക്കുന്നതായും അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം അക്രമപ്രവർത്തനങ്ങളെ സർക്കാർ അനുവദിക്കില്ലെന്നും നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു.



