
ഞങ്ങളുടെ വിധി ഞങ്ങൾ തീരുമാനിക്കും’: ശത്രുക്കളെ ആക്രമിക്കാൻ ആരുടെയും അനുമതി വേണ്ടെന്ന് നെതന്യാഹു; തുർക്കിക്ക് ഗാസയിൽ സ്ഥാനമില്ല
ജെറുസലേം:
ഇസ്രായേൽ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും, തങ്ങളുടെ ശത്രുക്കളെ ആക്രമിക്കുന്നതിനോ പ്രതിരോധിക്കുന്നതിനോ ലോകത്ത് ആരുടെയും അനുമതി ആവശ്യമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിലോ ലെബനനിലോ ഉള്ള ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇസ്രായേലിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ ശക്തമായ നിലപാട് പ്രഖ്യാപനം. നിരവധി യുഎസ് ഉദ്യോഗസ്ഥർ മേഖലയിൽ വെടിനിർത്തൽ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇസ്രായേലി പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ പുറത്തുവന്നത്.
സർക്കാർ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. “ഇസ്രായേൽ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. ഞങ്ങൾ ഞങ്ങളുടെ മാർഗ്ഗങ്ങളിലൂടെ സ്വയം പ്രതിരോധിക്കും, ഞങ്ങളുടെ വിധി ഞങ്ങൾ തന്നെ നിർണ്ണയിക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു. “ഇതിനായി ഞങ്ങൾ ആരുടെയും അംഗീകാരം തേടുന്നില്ല. ഞങ്ങളുടെ സുരക്ഷാ നിയന്ത്രണം ഞങ്ങളുടെ കൈകളിലാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിലെ സുരക്ഷ ഉറപ്പാക്കാൻ രൂപീകരിക്കാൻ സാധ്യതയുള്ള അന്താരാഷ്ട്ര സുരക്ഷാ സേനയുടെ കാര്യത്തിലും ഇസ്രായേൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സേനയിൽ ഏതൊക്കെ രാജ്യങ്ങളെ ഉൾപ്പെടുത്തണം, ഏതൊക്കെ രാജ്യങ്ങളെ ഒഴിവാക്കണം എന്ന് ഇസ്രായേൽ ഏകപക്ഷീയമായി തീരുമാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. അന്താരാഷ്ട്ര സേനയിൽ തുർക്കിക്ക് ഒരു പങ്കും വഹിക്കാൻ കഴിയില്ലെന്ന ഇസ്രായേലിന്റെ എതിർപ്പ് അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു.



