
വംശീയാധിക്ഷേപം: സ്വന്തം എംപിയെ ന്യായീകരിച്ച് റിഫോം യുകെ; പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് നേതൃത്വം
ലണ്ടൻ: ടെലിവിഷൻ പരസ്യങ്ങളിൽ കറുത്ത വർഗ്ഗക്കാരെയും ഏഷ്യക്കാരെയും അമിതമായി കാണിക്കുന്നു എന്ന റിഫോം യുകെ എംപി സാറാ പോച്ചിന്റെ പരാമർശം വൻ വിവാദത്തിൽ. വംശീയാധിക്ഷേപമാണ് എംപി നടത്തിയതെന്ന രൂക്ഷമായ ആരോപണം ഉയർന്നതോടെ, അവരെ പ്രതിരോധിച്ച് പാർട്ടി നേതൃത്വം രംഗത്തെത്തി.
പാർട്ടിയുടെ നയരൂപീകരണ വിഭാഗം മേധാവി സിയ യൂസഫാണ് സാറാ പോച്ചിനെ പിന്തുണച്ച് സംസാരിച്ചത്. സാറാ പോച്ചിൻ തന്റെ അടുത്ത സുഹൃത്തും മികച്ച എംപിയുമാണെന്ന് വിശേഷിപ്പിച്ച സിയ യൂസഫ്, അവരുടെ വാക്കുകൾ “മോശമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടു” എന്ന് സമ്മതിച്ചു. എംപി തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“ടെലിവിഷൻ പരസ്യങ്ങളിലെ പ്രാതിനിധ്യത്തെക്കുറിച്ച് സംസാരിക്കാൻ ആളുകൾക്ക് കഴിയണം. ചില വിഭാഗങ്ങൾക്ക് അർഹമായതിലും കുറഞ്ഞ പ്രാതിനിധ്യവും, മറ്റ് ചിലർക്ക് അമിതമായ പ്രാതിനിധ്യവും ലഭിക്കുന്നുണ്ട്. ഇത് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്,” സിയ യൂസഫ് ‘സൺഡേ മോണിംഗ് വിത്ത് ട്രെവർ ഫിലിപ്സ്’ എന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. എംപിയുടെ വാക്കുകളെ ഈ പശ്ചാത്തലത്തിൽ വേണം കാണാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



