
പശ്ചിമേഷ്യ കടുത്ത യുദ്ധത്തിലേക്ക്; ഗൾഫ് മേഖല അതീവ ആശങ്കയിൽ
ടെഹ്റാൻ: ഖമേനിയുടെ വധത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധഭൂമിയിലേക്ക്; ഗൾഫ് മേഖല അതീവ ആശങ്കയിൽ
ഇറാന്റെ പരമോന്നത നേതാവ് ഖോമൈനി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ അമേരിക്ക ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പശ്ചിമേഷ്യയിൽ പോരാട്ടം അതീവ രൂക്ഷമായി. ഖമേനിയുടെ വധത്തെ ഭരണകൂടത്തിന്റെ നിലനിൽപ്പിന്മേലുള്ള നേരിട്ടുള്ള ആക്രമണമായി വിശേഷിപ്പിച്ച ഇറാൻ ഇസ്രായേലിനെയും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വൻതോതിൽ മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നിലനിൽപ്പിനായുള്ള യുദ്ധമാണിതെന്നും, പ്രതികാരം നടത്തുന്നത് രാജ്യത്തിന്റെ “കടമയും നിയമപരമായ അവകാശവുമാണ്” എന്നും ടെഹ്റാൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മിസൈൽ ശേഖരങ്ങളിലൊന്നുള്ള ഇറാൻ യുദ്ധത്തിനുറച്ചതോടെ ഗൾഫ് മേഖലയാകെ കടുത്ത ആശങ്കയിലാണ്.
മേഖലാതല യുദ്ധഭീഷണി
ഖമേനിയുടെ വധം ഒരു പരിമിത സൈനിക ഏറ്റുമുട്ടലിൽ ഒതുങ്ങാതെ മേഖലയിലാകെ പടരുന്ന മഹായുദ്ധമായി മാറുമെന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. ലബനനിലെ ഹിസ്ബുള്ളയും യും യമനിലെ ഹൂതിയും ഇറാനൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചതോടെ പോരാട്ടം ദീർഘിക്കുമെന്ന സൂചനകളും ശക്തമാണ്. ഇതോടെ, ഇറാൻ നേരിട്ട് ആക്രമണം തുടരുന്നതിനൊപ്പം ഈ സഖ്യകക്ഷികൾ ഒരേസമയം ഇസ്രായേലിനും യുഎസിനുമെതിരെ ആക്രമണം അഴിച്ചുവിടാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്.
ഖത്തർ, ബഹ്റൈൻ, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ഇറാന്റെ മിസൈൽ പരിധിക്കുള്ളിലാണെന്നതാണ് ഗൾഫ് രാജ്യങ്ങളെ ഏറ്റവും കൂടുതൽ ആശങ്കയിലാക്കുന്നത്. യുഎസ് മേഖലയിൽ അധിക സൈന്യവും ആയുധങ്ങളും വിന്യസിച്ചെങ്കിലും, ഇറാന്റെ ശക്തമായ പ്രത്യാക്രമണം സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
ഇറാന്റെ മിസൈൽ ശക്തി
ഇസ്രായേലിനെയും ഗൾഫ് മേഖലയിലെ മുഴുവൻ യുഎസ് കേന്ദ്രങ്ങളെയും ലക്ഷ്യമിടാൻ ശേഷിയുള്ളതാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം. 2,000 മുതൽ 2,500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ, യുദ്ധക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ആന്റി-ഷിപ്പ് മിസൈലുകൾ, കടൽഗതാഗതം തടസ്സപ്പെടുത്തുന്ന മൈനുകൾ, ചെറുകപ്പലുകൾ ഉപയോഗിച്ചുള്ള മിന്നലാക്രമണങ്ങൾക്കായുള്ള ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ എന്നിവയും ഇറാന്റെ ആയുധപ്പുരയിൽ ഉൾപ്പെടുന്നു.
‘ആയുധപ്പുര’യായ ഇറാൻ
ആധുനിക വ്യോമസേനയുടെ അഭാവം മറികടക്കാൻ, ലോകത്തെ തന്നെ ഞെട്ടിക്കുന്ന തരത്തിലുള്ള മിസൈൽ സന്നാഹങ്ങളിലൂടെയാണ് ഇറാൻ തന്റെ സൈനിക ശക്തി വർധിപ്പിച്ചത്. ‘ഖൈബർ ശകൻ’, ‘ഹാജ് ഖാസിം’ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യയുള്ള പുതിയ തലമുറ മിസൈലുകളും ഭൂഗർഭ ‘മിസൈൽ നഗരങ്ങളും’ ഇറാന്റെ രഹസ്യ ശക്തിയെന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്.
ടെഹ്റാൻ ഉൾപ്പെടെ ഇറാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ–യുഎസ് സഖ്യം ശക്തമായ ആക്രമണം തുടരുന്നുണ്ടെങ്കിലും, ഇറാന്റെ രഹസ്യ ആയുധശേഖരം എത്രത്തോളം തകർക്കാനായെന്നതിൽ ഇതുവരെ വ്യക്തതയില്ല. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിന്റെ ഭൂപടം തന്നെ മാറ്റിമറിച്ചേക്കാവുന്ന സംഭവവികാസങ്ങളിലേക്കാണ് മേഖല നീങ്ങുന്നതെന്ന ആശങ്കയും ശക്തമാണ്.



