
കുവൈറ്റ് ബാങ്ക് വായ്പ തട്ടിപ്പ്: മലയാളികൾക്കെതിരായ കേസുകൾ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്;
കൊച്ചി:
കുവൈറ്റിലെ അൽ അഹ്ലി ബാങ്ക് ഓഫ് കുവൈറ്റ് ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് വൻതോതിൽ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികൾക്കെതിരായ ക്രിമിനൽ കേസുകൾ സംസ്ഥാന ക്രൈം ബ്രാഞ്ച് കേരള പോലീസ് അന്വേഷിക്കണമെന്ന് ഹൈ കോർട്ട് ഓഫ് കേരള ഉത്തരവിട്ടു. ബാങ്കുകളുടെ ഹർജിയെ തുടർന്നാണ് അന്വേഷണം ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചത്.
വായ്പ തട്ടിപ്പ് മൂലം കോടിക്കണക്കിന് കുവൈറ്റി ദിനാർ നഷ്ടപ്പെട്ട സാഹചര്യത്തിൽ, കുവൈറ്റ് ബാങ്കുകൾ മാസങ്ങളായി കേരളത്തിൽ നിയമ നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. കേസുകൾ നിർണായക ഘട്ടത്തിലേക്ക് കടന്നതോടെ, കൂടുതൽ കർശന നടപടികൾ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വായ്പ എടുത്ത ശേഷം കുവൈറ്റ് വിട്ട് മറ്റ് രാജ്യങ്ങളിൽ സ്ഥിരതാമസം നേടിയവരെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാൻ ക്രൈം ബ്രാഞ്ചിനെ അധികാരപ്പെടുത്തണമെന്ന ആവശ്യം അൽ അഹ്ലി ബാങ്ക് ഓഫ് കുവൈറ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതി അംഗീകരിച്ചത്. ഇതോടെ സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രതികളുടെ അറസ്റ്റ് സാധ്യത ശക്തമായിട്ടുണ്ട്.
ബാങ്ക് പ്രതിനിധികളുടെ വിവരമനുസരിച്ച്, അടുത്ത മാസം മുതൽ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെയും ക്രിമിനൽ നടപടികൾ ശക്തമാക്കാനാണ് നീക്കം. ഇന്ത്യയിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, പ്രതികൾക്ക് രാജ്യത്തിനകത്തും പുറത്തേക്കുമുള്ള യാത്രയിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, ഇമിഗ്രേഷൻ ക്ലിയറൻസ്, സ്ഥിരതാമസ അനുമതി തുടങ്ങിയ കാര്യങ്ങളിലും ഗുരുതര തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വിദേശത്തു നിന്ന് വായ്പയായി ലഭിച്ച പണം അനധികൃതമായി ഇന്ത്യയിലേക്ക് എത്തിച്ച് വഴിമാറ്റി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ന് പരാതി നൽകാനുള്ള നടപടികളിലാണെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ, യു.എ.ഇ.യിലെ ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികളായ ഒരു ദമ്പതികളുടെയും മകന്റെയും ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപയുടെ സ്വത്തുക്കൾ കൊച്ചിയിലെ ഇ.ഡി. സോണൽ ഓഫീസ് കണ്ടുകെട്ടിയിരുന്നു.
പ്രതികൾ മനഃപൂർവം ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച്, മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി വായ്പകൾ എടുത്തുവെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. തുടർന്ന് ആ തുക ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം കുവൈറ്റ് വിട്ട് മറ്റ് രാജ്യങ്ങളിൽ ജോലി നേടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കേസുകളിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷകൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരം ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അന്വേഷണം നിഷ്പക്ഷവും ഫലപ്രദവുമായിരിക്കണമെന്ന് ആവശ്യപ്പെട്ട്, ജസ്റ്റിസ് കെ . ബാബു അധ്യക്ഷനായ ബെഞ്ച്, എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചു. ബാങ്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം ജില്ലകളിൽ രജിസ്റ്റർ ചെയ്ത 12 കേസുകളാണ് ക്രൈം ബ്രാഞ്ചിലേക്ക് കൈമാറുന്നത്.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ, ഒരു കേസിലെ പ്രതിയായ അങ്കമാലി സ്വാദേശി തന്റെ പേരിലുണ്ടായിരുന്ന 77.34 ലക്ഷം രൂപ (25,783 കുവൈറ്റി ദിനാർ) മുഴുവനായി തിരിച്ചടച്ചതോടെ, അങ്കമാലി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചതായി ബാങ്ക് വക്താവ് അറിയിച്ചു. സമാനമായി, കേസ് നടപടികൾ ഒഴിവാക്കാൻ നിരവധി പേർ വിവിധ രാജ്യങ്ങളിൽ നിന്ന് ബാങ്കുമായി ബന്ധപ്പെട്ട് താൽപര്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കേസുകളുടെ അന്വേഷണ പുരോഗതി വിശദീകരിച്ച് സംസ്ഥാന നിയമ-ക്രമസമാധാന വകുപ്പിന്റെ എഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രതികളിൽ ചിലർ നിലവിൽ വിദേശ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നും, അന്താരാഷ്ട്രതലത്തിൽ സങ്കീർണ്ണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗൾഫ് ബാങ്ക് കുവൈറ്റ് സമർപ്പിച്ച ഹർജിയിലും ഹൈക്കോടതി നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.
ബാങ്കുകളുടെ കണക്കു പ്രകാരം, വായ്പ എടുത്ത് മുങ്ങിയവരിൽ ഭൂരിഭാഗവും കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരാണ്. ഇവരിൽ പലരും പിന്നീട് അയർലൻഡ്, യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയതായും കണ്ടെത്തിയിട്ടുണ്ട്. അപേക്ഷകരുടെ ജോലി-ശമ്പള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വായ്പ അനുവദിച്ചതെങ്കിലും, ചിലർ മാസങ്ങൾക്കുള്ളിൽ രഹസ്യമായി ജോലി ഉപേക്ഷിച്ച് കുടിയേറ്റ ചെലവുകൾ പോലും വായ്പ തുകയിൽ നിന്ന് കണ്ടെത്തിയതായി ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസുകളുടെ പ്രളയത്തെ തുടർന്ന് കുവൈറ്റിലെ ബാങ്കുകൾ മലയാളികൾക്ക് നൽകുന്ന വായ്പാ നയങ്ങൾ കർശനമാക്കിയതായും റിപ്പോർട്ടുണ്ട്. ഹർജിയിൽ പരാമർശിച്ചിരിക്കുന്ന 12 കേസുകളിലായി ഏകദേശം 10 കോടി രൂപ തിരിച്ചുപിടിക്കാനുണ്ടെന്നാണ് അൽ അഹ്ലി ബാങ്ക് ഓഫ് കുവൈറ്റ് ഹൈക്കോടതിയെ അറിയിച്ചത്.
(



