ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ട്രംപ്
1 min read

ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍: ലോകത്തെ ആശങ്കയിലാഴ്ത്തി, അമേരിക്ക ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങൾ നടത്തുന്ന ആണവ പരീക്ഷണങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്നും, പരീക്ഷണങ്ങൾ ആരംഭിക്കാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയതായും ട്രംപ് വ്യക്തമാക്കി. 1992 മുതൽ അമേരിക്ക സ്വമേധയാ തുടർന്നിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയമാണ് (നിരോധനം) ഇതോടെ അവസാനിക്കുന്നത്.

തന്റെ ഭരണകാലത്ത് അമേരിക്കൻ ആണവായുധങ്ങൾ പൂർണ്ണമായി നവീകരിച്ചെന്നും, നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയുടെ കൈവശമാണെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യയാണ് രണ്ടാം സ്ഥാനത്ത്. ചൈന മൂന്നാമതാണെങ്കിലും അഞ്ച് വർഷത്തിനുള്ളിൽ മുന്നിലെത്തുമെന്നും അദ്ദേഹം ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

“മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികൾ കണക്കിലെടുത്ത്, നമ്മുടെ ആണവായുധങ്ങൾ തുല്യമായ അടിസ്ഥാനത്തിൽ പരീക്ഷിക്കാൻ ഞാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശം നൽകിയിട്ടുണ്ട്. ആ പ്രക്രിയ ഉടൻ ആരംഭിക്കും,” ട്രംപ് കൂട്ടിച്ചേർത്തു.

റഷ്യ അടുത്തിടെ ആണവശേഷിയുള്ള ‘9M730 ബുറേവെസ്റ്റ്‌നിക്’ ക്രൂയിസ് മിസൈലും ‘പോസിഡോൺ’ അന്തർവാഹിനി ഡ്രോണും പരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയുടെ പരീക്ഷണങ്ങളെ ‘അനുചിതം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ടു. “ഒരാഴ്ച കൊണ്ട് തീരേണ്ടിയിരുന്ന യുദ്ധം ഇപ്പോൾ നാലാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. മിസൈലുകൾ പരീക്ഷിക്കുന്നതിന് പകരം അതാണ് പുടിൻ ചെയ്യേണ്ടത്,” ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ലോകമെമ്പാടും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നത് മറ്റ് രാജ്യങ്ങളെ പ്രകോപിപ്പിക്കാനും ആഗോളതലത്തിൽ ഒരു പുതിയ ആയുധപ്പന്തയത്തിന് വഴിവെക്കാനും സാധ്യതയുണ്ടെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *