
വിജയത്തിന് പിന്നാലെ ‘യേശുവിന് നന്ദി’ പറഞ്ഞ് ജമീമ റോഡ്രിഗ്സ്; നടിയും ബിജെപി നേതാവുമായ കസ്തൂരി ശങ്കർ വിമർശനവുമായി രംഗത്ത്
വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ജമീമ റോഡ്രിഗ്സ് നടത്തിയ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ചൂടുള്ള ചർച്ചകൾക്ക് വഴിതുറന്നു. വിജയത്തിന് പിന്നാലെ ക്രെഡിറ്റ് ദൈവത്തിന് നൽകിയ ജമീമയെ വിമർശിച്ചുകൊണ്ട് തമിഴ്നാട്ടിലെ നടിയും ബിജെപി നേതാവുമായ കസ്തൂരി ശങ്കർ രംഗത്തെത്തി.
ജമീമയുടെ പ്രതികരണം:
മത്സരവിജയത്തിന് ശേഷം സംസാരിക്കവെ, “മത്സരത്തിനിടെ ഞാൻ വളരെ ക്ഷീണിതയായിരുന്നു. പക്ഷേ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിന് ഞാൻ യേശുവിന് നന്ദി പറയുന്നു. ഇതിന്റെ ക്രെഡിറ്റ് ഞാൻ ഒട്ടും എടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെയെല്ലാം പിന്തുണ എനിക്ക് ഊർജ്ജമായി” എന്നായിരുന്നു ജമീമയുടെ വാക്കുകൾ.
ഇന്ത്യൻ വിജയത്തിന് ശേഷം താരം നടത്തിയ ഈ പരാമർശമാണ് വിമർശനത്തിന് കാരണമായത്.
കസ്തൂരി ശങ്കറിന്റെ വിമർശനം:
ജമീമയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് കസ്തൂരി ശങ്കർ എക്സിൽ കുറിച്ചത് ശ്രദ്ധേയമായി:
”ജെമീമയെ ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ, ആരെങ്കിലും ‘ജയ് ശ്രീ റാം’ എന്നോ ‘ഹർ ഹർ മഹാദേവ്’ എന്നോ ‘സത് ശ്രീ അകൽ’ എന്നോ പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല.”
വിമർശനങ്ങൾക്ക് മറുപടിയായി, താൻ കപട മതേതര നിലപാടുകളെയാണ് ചോദ്യം ചെയ്യുന്നതെന്ന് കസ്തൂരി വ്യക്തമാക്കി. ജമീമയുടെ വിശ്വാസത്തിൽ സന്തോഷമുണ്ട്, എന്നാൽ മറ്റ് മതവികാരങ്ങളെ എന്തുകൊണ്ട് പൊതുഇടങ്ങളിൽ ഇതേ രീതിയിൽ പരിഗണിക്കുന്നില്ല എന്നും അവർ ചോദിച്ചു



