
കൂടെ പാടിയ കുട്ടി ഇത്ര വലിയ ആളാകുമെന്ന് അറിഞ്ഞില്ല’; റിമി ടോമി പങ്കുവെച്ച വിനീത് ശ്രീനിവാസന്റെ അപൂർവ്വ ചിത്രം വൈറലാകുന്നു
കൊച്ചി: നടനും സംവിധായകനും ഗായകനുമൊക്കെയായി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത വിനീത് ശ്രീനിവാസനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ച് ഗായിക റിമി ടോമി. 20 വർഷത്തിലധികം പഴക്കമുള്ള ഒരു സ്റ്റേജ് പെർഫോമൻസിനിടെ എടുത്ത ചിത്രമാണിത്. റിമി തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
രിമി ടോമിയുടെ കുറിപ്പ്:
’വർഷം 2004. കൂടെ പാടിയ ഈ കുട്ടി ഇത്രയും വളർന്നു വലിയൊരു സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, സ്റ്റേജ് പെർഫോമർ, നടൻ ആകുമെന്ന് അന്ന് അറിഞ്ഞില്ല’ എന്നൊരു രസകരമായ അടിക്കുറിപ്പോടെയാണ് റിമി ടോമി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ പ്രതികരണം:
ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട വിനീത് ശ്രീനിവാസൻ ഉടൻ തന്നെ കമന്റുമായി എത്തുകയും ചെയ്തു. “ഒരുപാട് കാലമായി… എത്ര നല്ല ഓർമകൾ… ഞാൻ തുടങ്ങിയ കാലത്ത് ഒരു സ്റ്റേജ് പെർഫോർ എന്ന നിലയിലും സഹഗായിക എന്ന നിലയിലും നിങ്ങൾ വലിയ പ്രചോദനമായിരുന്നു… നന്ദി” എന്നാണ് വിനീത് സ്നേഹത്തോടെ കുറിച്ചത്.
ഓർമ്മകളുടെ ഈ തിരികെവരവ്:
മലയാള സംഗീത ലോകത്തെ രണ്ട് ജനപ്രിയ താരങ്ങളുടെ കൗമാരകാലത്തെ ഓർമ്മകളുണർത്തുന്ന ഈ ചിത്രം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വിനീതിന്റെ പഴയ കോലം കണ്ട് തമാശരൂപേണ കമന്റ് ചെയ്യുന്നവരും കുറവല്ല. “ആ ചെക്കന്റെ കോലം കെട്ട ഫോട്ടോ കുത്തിപ്പൊക്കി മാനസികമായി തളർത്തുക… സൈക്കോളജിക്കൽ മൂവ്” എന്നൊരു കമന്റ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സംഗീതത്തിലൂടെ പ്രശസ്തിയിലേക്ക് വന്ന രണ്ടുപേർ വർഷങ്ങൾക്കിപ്പുറം മലയാള സിനിമയുടെ നിർണ്ണായക സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, ഈ പഴയകാല ചിത്രം അവർക്കിടയിലെ സൗഹൃദത്തിന്റെയും വളർച്ചയുടെയും മനോഹരമായ ഒരു ഓർമ്മപ്പെടുത്തൽ കൂടിയായി മാറുകയാണ്.



