
അഭയാർത്ഥി ഹോട്ടൽ ഇടപാട്: അധിക ലാഭം നേടിയ കമ്പനികളിൽ നിന്ന് 74 മില്യൺ പൗണ്ട് തിരിച്ചുപിടിച്ച് യുകെ സർക്കാർ
ലണ്ടൻ: അഭയാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയ സ്വകാര്യ കമ്പനികൾ നേടിയ അധിക ലാഭത്തിൽ നിന്ന് 74 മില്യൺ പൗണ്ട് (ഏകദേശം 740 കോടി രൂപ) തിരിച്ചുപിടിച്ചതായി യുകെ സർക്കാർ. കഴിഞ്ഞ വർഷം ലേബർ പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം നടത്തിയ കരാർ പുനഃപരിശോധനയെ തുടർന്നാണ് നടപടിയെന്ന് ഹോം ഓഫീസ് അറിയിച്ചു.
ഈ കരാറുകളുടെ ദൈനംദിന നടത്തിപ്പിലെ കെടുകാര്യസ്ഥതയിൽ മുൻ സർക്കാർ എംപിമാരിൽ നിന്ന് കടുത്ത വിമർശനം നേരിട്ടിരുന്നു.
അതേസമയം, അഭയാർത്ഥി താമസത്തിനായി ചെലവഴിക്കുന്ന ഭീമമായ തുകയുമായി താരതമ്യം ചെയ്യുമ്പോൾ തിരിച്ചുപിടിച്ച ഈ തുക വളരെ ചെറുതാണ്. 2024-25 വർഷത്തിൽ 2.1 ബില്യൺ പൗണ്ടാണ് (ദിവസവും ശരാശരി 5.77 മില്യൺ പൗണ്ട്) ഈ ഇനത്തിൽ ആകെ ചെലവായത്. അതായത്, രണ്ടാഴ്ചത്തെ ചെലവിനു തുല്യമായ തുക മാത്രമാണ് ഇപ്പോൾ തിരികെ ലഭിച്ചിരിക്കുന്നത്.
തുക തിരിച്ചുപിടിച്ച നടപടിയെ ഹോം അഫയേഴ്‌സ് സെലക്ട് കമ്മിറ്റി ചെയർപേഴ്‌സണും കൺസർവേറ്റീവ് എംപിയുമായ ഡേം കാരെൻ ബ്രാഡ്‌ലി സ്വാഗതം ചെയ്തു, എന്നാൽ ഇതൊരു “ആദ്യപടി” മാത്രമാണെന്ന് അവർ പറഞ്ഞു. “കോടിക്കണക്കിന് പൗണ്ട് ചെലവാകുന്ന ഈ കരാറുകളിലെ ഒരു ചെറിയ ഭാഗം മാത്രമാണിത്. ചിലവ് കുറഞ്ഞ ഒരു സ്ഥിരം സംവിധാനം ഒരുക്കാൻ സർക്കാർ ദീർഘകാല പദ്ധതി തയ്യാറാക്കണം,” അവർ കൂട്ടിച്ചേർത്തു.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അഭയാർത്ഥി ഹോട്ടലുകൾ പൂർണ്ണമായും നിർത്തലാക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സർക്കാരും പ്രതിപക്ഷവും:
“നികുതിദായകരുടെ പണത്തിന് മൂല്യം നൽകാത്ത കരാറുകളാണ് ഞങ്ങൾക്ക് പാരമ്പര്യമായി ലഭിച്ചത്,” ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. “ഞങ്ങൾ ഇതിനകം 700 മില്യൺ പൗണ്ട് ഹോട്ടൽ ചെലവിൽ ലാഭിച്ചു. ഇപ്പോൾ ദശലക്ഷക്കണക്കിന് പൗണ്ട് അധിക ലാഭം തിരിച്ചുപിടിക്കുന്നു. ഈ പാർലമെന്റിന്റെ അവസാനത്തോടെ എല്ലാ അഭയാർത്ഥി ഹോട്ടലുകളും ഞങ്ങൾ അടച്ചുപൂട്ടും,” അവർ വ്യക്തമാക്കി.
എന്നാൽ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി ഈ വാദത്തെ തള്ളിക്കളഞ്ഞു. “ദിവസവും 5.77 മില്യൺ പൗണ്ട് ഹോട്ടലുകൾക്കായി ചെലവഴിക്കുമ്പോൾ, ഈ 74 മില്യൺ പൗണ്ട് വെറും 12 ദിവസം കൊണ്ട് ഇല്ലാതാകും,” ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് പറഞ്ഞു. “ലേബർ സർക്കാർ കൂടുതൽ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളിൽ പാർപ്പിക്കുകയാണ്. ചാനൽ കടന്നുള്ള കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ്. അതിർത്തി നിയന്ത്രിക്കാൻ കൺസർവേറ്റീവ് പാർട്ടിയുടെ കൈയിൽ മാത്രമേ കൃത്യമായ പദ്ധതിയുള്ളൂ,” അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ മാസം, കോടിക്കണക്കിന് പൗണ്ട് നികുതിപ്പണം പാഴാക്കിയതിനും കമ്പനികളിൽ നിന്ന് അധിക ലാഭം ഈടാക്കാത്തതിനും ഹോം അഫയേഴ്‌സ് കമ്മിറ്റി ഹോം ഓഫീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു.



