
മോഹൻലാൽ-തരുൺ മൂർത്തി മാജിക് വീണ്ടും; ‘തുടരും’ ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു, നിർമ്മാണം ആഷിഖ് ഉസ്മാൻ
കൊച്ചി: മലയാള സിനിമയിൽ ചരിത്രവിജയം നേടിയ ‘തുടരും’ എന്ന ചിത്രത്തിന് ശേഷം സൂപ്പർതാരം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.
പ്രധാന വിവരങ്ങൾ:
സംവിധാനം: തരുൺ മൂർത്തി
നിർമ്മാണം: ആഷിഖ് ഉസ്മാൻ
തിരക്കഥ: രതീഷ് രവി
ഛായാഗ്രഹണം: ഷാജി കുമാർ
താരങ്ങൾ: മോഹൻലാൽ (പോലീസ് വേഷത്തിൽ എത്തുമെന്നാണ് സൂചന)
ഒരു ഇതിഹാസവും കഥാകാരനും:
’ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും ഒരുമിക്കുമ്പോൾ, ഒരു പ്രപഞ്ചം ഇളകിമറിയുന്നു’ എന്ന വാചകത്തോടെയാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ‘തുടരും’ എന്ന ത്രില്ലർ ചിത്രം കേരളത്തിൽ മാത്രം 100 കോടിയിലധികം നേടി ബോക്‌സ് ഓഫീസിൽ റെക്കോർഡിട്ടതിന് ശേഷമുള്ള ഇവരുടെ കൂട്ടുകെട്ട് മറ്റൊരു വമ്പൻ വിജയത്തിനായാണ് കളമൊരുക്കുന്നത്.
സംവിധായകന്റെ മാറ്റം:
മോഹൻലാലിന്റെ 365-ാമത് ചിത്രമായി (L365) നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റാണിത്. നടനും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ ഓസ്റ്റിൻ ഡാൻ തോമസ് ആയിരുന്നു ആദ്യം ഈ ചിത്രത്തിന്റെ സംവിധായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ചില കാരണങ്ങളാൽ ഓസ്റ്റിൻ ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറുകയും, പകരം ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തി സംവിധാനം ഏറ്റെടുക്കുകയുമായിരുന്നു.
മോഹൻലാൽ വീണ്ടും പോലീസ് വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘പുളളിക്കാരൻ സ്റ്റാറാ’, ‘ഇഷ്‌ക്’, ‘ആദി’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രതീഷ് രവിയാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘നരൻ’, ‘പുലിമുരുകൻ’, ‘തുടരും’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിക്കും.
’ദൃശ്യം 3’ക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന പ്രധാന ചിത്രം ഇതായിരിക്കുമെന്നും സൂചനയുണ്ട്. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു പ്രോജക്റ്റായി ഈ മോഹൻലാൽ-തരുൺ മൂർത്തി-ആഷിഖ് ഉസ്മാൻ കൂട്ടുകെട്ട് മാറിക്കഴിഞ്ഞു.



