യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനം: റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം നഴ്സ് നവീൻ ഹരികുമാറിന്
1 min read

യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനം: റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം നഴ്സ് നവീൻ ഹരികുമാറിന്

ലണ്ടൻ∙ യുകെയിലെ ആരോഗ്യരംഗത്ത് മലയാളി പ്രഫഷനലുകൾ തങ്ങളുടെ മികവ് വീണ്ടും തെളിയിച്ചിരിക്കുന്നു. ആലപ്പുഴ തിരുവമ്പാടി സ്വദേശിയായ നവീൻ ഹരികുമാറിന് റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (RCN) അഭിമാനകരമായ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം ലഭിച്ചു. ക്ലിനിക്കൽ മികവിനൊപ്പം സഹപ്രവർത്തകരെ വളർത്തിയെടുക്കുന്നതിലും നൂതനമായ പദ്ധതികൾക്ക് രൂപം നൽകുന്നതിലും അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ഉന്നത അംഗീകാരം.
​നോർത്ത് വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള നോർത്ത്വിക്ക് പാർക്ക് ഹോസ്പിറ്റലിലെ ക്ലിനിക്കൽ പ്രാക്ടീസ് എജ്യുക്കേറ്ററാണ് നിലവിൽ നവീൻ ഹരികുമാർ. മികച്ച രോഗീപരിചരണം, സഹപ്രവർത്തകരെ പിന്തുണയ്ക്കുന്നതിലുള്ള ശ്രദ്ധ, നൂതനമായ പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ബ്ലാക്ക്, ഏഷ്യൻ, മറ്റ് ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽപ്പെട്ട നഴ്സിങ് ജീവനക്കാരുടെ സംഭാവനകളെ ആദരിക്കുന്ന RCN ലണ്ടൻ നൽകുന്ന ഈ പുരസ്‌കാരം, വെറും ആറു വർഷത്തെ യുകെയിലെ സേവന പരിചയത്തിനിടെയാണ് നവീൻ ഹരികുമാർ സ്വന്തമാക്കിയത്.
​രാജ്യാന്തര നഴ്സുമാർക്ക് കൈത്താങ്ങായി ‘IEN ഫ്രെയിംവർക്ക്’
​നവീന്റെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്ന് ‘IEN ഓറിയന്റേഷൻ ഫ്രെയിംവർക്ക്’ ആണ്. രാജ്യാന്തര തലത്തിൽ വിദ്യാഭ്യാസം നേടിയ നഴ്സുമാർ (IEN – Internationally Educated Nurses) യുകെയിൽ എത്തുമ്പോൾ അനുഭവിക്കുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവർക്ക് സഹായകരമാകുന്ന രീതിയിലാണ് അദ്ദേഹം ഈ പദ്ധതിക്ക് രൂപകൽപ്പന നൽകിയത്. ഈ പ്രോഗ്രാമിന്റെ ഫലമായി, യൂണിറ്റിൽ ജോലിക്ക് പ്രവേശിച്ച രാജ്യാന്തര നഴ്സുമാർ 100% പേരും ഇപ്പോഴും ജോലിയിൽ തുടരുന്നു എന്ന മികച്ച നേട്ടം കൈവരിക്കാനായി.
​റൈസിങ് സ്റ്റാർ പുരസ്‌കാരത്തിന് പുറമെ, നവീൻ ഉൾപ്പെടുന്ന ടീം എച്ച്എസ്ജെ അവാർഡ്‌സ് 2025-ൽ (HSJ Awards 2025) ‘പേഷ്യന്റ് സേഫ്റ്റി’ (Patient Safety) വിഭാഗത്തിൽ ‘ഹൈലി കമൻഡഡ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ‘നഴ്സ് നേതൃത്വത്തിലുള്ള നൽകുന്ന രോഗീ സുരക്ഷാ സംരംഭങ്ങൾ’ എന്ന ഉപവിഭാഗത്തിൽ ടീം വിജയികളാവുകയും ചെയ്തിരുന്നു. രോഗീപരിചരണ സുരക്ഷയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ ക്ലിനിക്കൽ പ്രാക്ടീസ് എജ്യുക്കേറ്റർ എന്ന നിലയിൽ നവീൻ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
​പ്രഫഷനൽ രംഗത്തെ മികച്ച സംഭാവനകൾക്ക് പുറമെ, യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കൈരളി യൂക്കെയുടെ ദേശീയ സെക്രട്ടറി ആയും നവീൻ സജീവമാണ്. ആരോഗ്യമേഖലയിലും പ്രവാസികൾക്കിടയിലെ സാമൂഹിക രംഗത്തും ഒരുപോലെ തിളങ്ങുന്ന നവീൻ ഹരികുമാർ മലയാളി സമൂഹത്തിന് വലിയ പ്രചോദനമാണ് നൽകുന്നത്.
​ആലപ്പുഴയിലെ ഗവൺമെന്റ് കോളജ് ഓഫ് നഴ്സിങിൽ നിന്നാണ് നവീൻ ബിരുദം നേടിയത്. നിലവിൽ ക്യൂൻ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ ഹയർ എജ്യുക്കേഷനിൽ പി.ജി. ഡിപ്ലോമ പഠനം നടത്തുകയാണ്. മാതാപിതാക്കൾ: ഹരികുമാർ, ഗീത. ഭാര്യ അഥീന ബി ചന്ദ്രൻ, മകൾ ഇതൾ മേ നവീൻ എന്നിവരടങ്ങുന്നതാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *