മെഗാസ്റ്റാർ മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു: ‘എമ്പുരാന്’ ശേഷം ‘ഖലീഫ’യിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ!
1 min read

മെഗാസ്റ്റാർ മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു: ‘എമ്പുരാന്’ ശേഷം ‘ഖലീഫ’യിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ!

കൊച്ചി∙ ‘എമ്പുരാൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളായ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും വീണ്ടും ഒന്നിക്കുന്ന ‘ഖലീഫ’ പ്രഖ്യാപിച്ചു. പൃഥ്വിരാജ്-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
​രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ‘ഖലീഫ’യുടെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ നായക കഥാപാത്രമായ ‘മാമ്പറയ്ക്കൽ ആമിർ അലി’യെ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കും. മാമ്പറയ്ക്കൽ അഹമ്മദ് അലിയുടെ കൊച്ചുമകനാണ് ആമിർ അലി. ആദ്യ ഭാഗത്തിലും പൃഥ്വിരാജിനൊപ്പം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നും സൂചനയുണ്ട്.
​സ്വർണക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന ഒരു മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറാണ് ‘ഖലീഫ’. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ.
​ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘പോക്കിരി രാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം, ജിനു എബ്രഹാം-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ‘ആദം ജോൺ’, ‘ലണ്ടൻ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’, ‘കടുവ’ എന്നീ സിനിമകൾക്ക് ശേഷമുള്ള അഞ്ചാമത്തെ പ്രോജക്റ്റ് കൂടിയാണ്.
​ഓഗസ്റ്റ് ആദ്യവാരം ലണ്ടനിൽ ചിത്രീകരണം ആരംഭിച്ച ‘ഖലീഫ’യുടെ മറ്റു പ്രധാന ലൊക്കേഷനുകൾ ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ഓണം റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വമ്പൻ റിലീസായിരിക്കും ‘ഖലീഫ’.
​സാങ്കേതിക വിദഗ്ധർ:
​ഛായാഗ്രഹണം: ജോമോൻ ടി ജോൺ
​സംഗീതം: ജേക്സ് ബിജോയ്
​എഡിറ്റിങ്: ചമൻ ചാക്കോ
​ആക്ഷൻ: യാനിക്ക് ബെൻ

Leave a Reply

Your email address will not be published. Required fields are marked *